MuZaFir..the traveller...

ഒരു സഞ്ചാരിയുടെ ജല്പനങ്ങള്‍..

പ്രണയിനിക്ക് അവസാന കത്ത്


            


എന്റെ സഖാവേ,
സുഖവിവരങ്ങള്‍ അന്വേഷിക്കാനുള്ള ഒരു കാമുകന്റെ മനസ്സ് ഇന്നെനിക്കു നഷ്ട്ടമായിരിക്കുന്നു..നിനക്ക് നല്‍കുവാന്‍ ഞാന്‍ പകര്‍ത്തിയെഴുതിയ എന്റെ സ്വപ്നങ്ങള്‍ക്ക് ക്ഷതമേറ്റിരിക്കുന്നു..സ്നേഹത്തിന്റെ മന്ത്രം ചൊല്ലിതന്നവര്‍ തന്നെ എനിക്കെല്പ്പിച്ചത് അന്പതിരണ്ടു വെട്ടാണ് ! നീതിയുടെ ആയുധമെടുത്ത് പോരാടാന്‍ ഇറങ്ങിയ എന്റെ പ്രിയ സഖാവ് തെരുവില്‍ തലയറ്റു വീണതിന്റെ ഒര്മയ്ക്കൊപ്പം നശിച്ചത് ഒരിക്കല്‍ ഞങ്ങള്‍ ഒന്നാണെന്ന് പറയുകയും വിശ്വസിപ്പിക്കുകയും ചെയ്തവര്‍ തന്ന പ്രതീക്ഷകളും ഏറെ പഴക്കമെരിയിരിക്കുന്ന ചരിത്രവും കൂടിയാണ്..

ഒരുപക്ഷെ ഏതൊരു കാല്‍പ്പനിക ജീവിയും പോലെ പ്രണയിക്കുകയും കലഹിക്കുകയും കാലത്തിനോട് സമരസപ്പെടുകയും ചെയ്തുകൊണ്ട് എനിക്കും കടത്തനാടന്‍ രാവുകള്‍ കരുത്തേകിയ എന്റെ നാടോടി ഗാനങ്ങള്‍ പാടിതന്നപോലെ കുഴിമാടത്തില്‍ നിന്നും ഉയിര്തെഴുന്നെല്‍ക്കുന്നവനെ കുറിച്ച് പകര്‍ത്തി എഴുതാന്‍ സാധിക്കുമായിരിക്കും..നിസ്സഹായത എന്ന മൂടുപടവും ഭയവും മാത്രം പേറി നടക്കുന്ന മധ്യവര്‍ഗ മലയാളിയേപ്പോലെ  വാര്‍ത്തകളുടെ എക്സ്ക്ലൂസീവ്നസ്സിനു കാതോര്‍ത്തു തീന്മേശയിലെ പാര്‍സല്‍ പൊതികളോടൊപ്പം എന്റെ ഭൂതകാലവും തിന്നു തീര്‍ക്കുവാനും ഒരു ആമാശയ ജീവിയുടെ ലാഘവത്തോടെ നിസങ്ങതനായി നില്‍ക്കാമായിരുന്നു..ചാനല്‍ വാര്‍ത്തകളുടെ മാറ്റത്തോടൊപ്പം എന്റെ സ്വപ്നങ്ങളെയും കുഴിച്ചുമൂടി ജീവിക്കുകയാണെങ്കില്‍ തീര്‍ച്ച..ചരിത്രം എന്നെയും കുറ്റക്കാരന്‍ എന്ന് വിളിക്കും

     പ്രണയിനീ..എന്റെ ഈ കത്തുകള്‍ ചരിത്രത്തിന്റെ ഭാഗമായി അവശേഷിക്കും..ഒരുപക്ഷെ പ്രണയലേഖനങ്ങള്‍ എഴുതുന്ന അവസാന തലമുറ ഞങ്ങളുടെതാവും.. മഴയും പ്രണയവും തണല്മരങ്ങളും ഓര്‍മയായി മാറി സെമെസ്ടര്‍ സിസ്ടവും പുതു പരിഷ്കാരങ്ങളും കാമ്പസുകള്‍ ഏറ്റെടുക്കുമ്പോള്‍...., ഞാനും നീയും അടങ്ങുന്ന വിദ്ധ്യാര്‍ത്തി സമൂഹം നമ്മുടെ മസ്തിഷ്ക്കവും മനസ്സും പ്ലസിമെന്റ്റ് സെല്ലുകള്‍ക്ക് മുന്നില്‍ പണയം വെക്കുമ്പോള്‍ നമ്മള്‍ എന്തെ ഇത്തരം കുറ്റകരമായ നിശബ്ദതയില്‍ നില്‍ക്കുന്നു ? എന്നിട്ടും നിശബ്ദത കനത്തു കനത്തു വരുന്നതുപോലെ..
രക്തസാക്ഷികളുടെ ചോര കൊണ്ട് ചുവന്ന നമ്മുടെ തെരുവുകള്‍ അര്‍ത്ഥമില്ലാത്ത കോപ്രായങ്ങള്‍ കാട്ടി ആരുടെയോ അരാഷ്ട്രീയ ലാഭങ്ങളുടെ കണക്കുപുസ്തകങ്ങളില്‍ പുതു രക്തസാക്ഷ്യങ്ങളുടെ ചുവന്ന മഷി കൊറിയിടുമ്പോഴും നമ്മളുടെ നിശബ്ദത ഏതോ കുറ്റകരമായ അനാസ്ഥയുടെ പിന്തുടര്ച്ചയാവുന്നു..
നീയും തിരിച്ചറിയുന്നുണ്ടാവും..നമ്മള്‍ ഒരുപാട് വഴിതെട്ടിയിരിക്കുന്നു എന്ന്..
നമ്മുടെ പ്രണയവും ലൈങ്ങികതയും വരെ വിപണി കച്ചവടം ചെയ്യുമ്പോഴും പ്രണയിക്കാന്‍ ആഹ്വാനം ചെയ്ത നമ്മള്‍ നിശബ്ദമായ് അതിനോടൊപ്പം നടക്കുന്നതും..വാലന്റൈനെസ് ഡേയും ഇന്റര്‍നെറ്റ് പ്രണയങ്ങളും കൊണ്ടാടുമ്പോഴും നമ്മുടെ പ്രണയങ്ങള്‍ പൂത്തു തളിര്ത്തിരുന്ന മരച്ചുവടുകള്‍ സധാചാരകൊപ്പന്മാര്‍ കയ്യെരുമ്പോഴും നമ്മള്‍ നമ്മിലേക്ക്‌ ഉള്‍വലിയുന്നു...
നമ്മള്‍ വിളിച്ച മുദ്രാവാക്യങ്ങള്‍ വെറും മുദ്രാവാക്യങ്ങലായ് എത്രയോ വര്‍ഷങ്ങള്‍ക്കകലെ മുഴങ്ങുന്നുണ്ടാവുമോ..?

സഖാവേ.. ഇത് എന്റെ ഹൃദയത്തില്‍ നിന്നുള്ള പകര്തിയെഴുതാണ്..ഒരുപക്ഷെ ഞാനടക്കമുള്ളവര്‍ തെറ്റിപ്പോയി എന്ന കുറ്റബോധത്തോടെ ഉള്ള എന്റെ അവസാന കത്ത്..
    ഞാനാഗ്രഹിക്കുന്നുണ്ട്..ഇനിയും പ്രണയലേഖനങ്ങള്‍ ഉണ്ടാവണമെന്നും..ഇനി വരുന്ന തലമുറയും നമ്മള്‍ ഉയര്‍ത്തിയ അതെ മുദ്രാവാക്യങ്ങള്‍ ഹൃദയത്തോട് ചേര്‍ത്ത് ജീവിക്കണമെന്നും..!ഒന്ന് തീര്‍ച്ച..ഇനി തിരുത്തലുകളുടെ കാലമാണ്..ജനങ്ങള്‍ നമ്മെ തിരുത്തുന്ന കാലം..

 എനിക്കുറപ്പുണ്ട്..ഇനി വരുന്ന തലമുറ രഹസ്യങ്ങള്‍ സൂസ്ഖിക്കുന്നവര്‍ ആവില്ലെന്ന്..അവര്‍ തുറന്ന പുസ്തകങ്ങള്‍ പോലെ പരസ്പ്പരം പകര്‍ത്തുകയും തിരുത്തുകയും ചെയ്യുന്നവര്‍ ആവുമെന്നും..

     അന്നൊരു പക്ഷെ..ഇങ്ങനെയുള്ള കത്തുകള്‍ മരിച്ചിരിക്കും..അവര്‍ സൈബര്‍ തെരുവുകളില്‍  കോപ്പി ലെഫ്റ്റ് മുദ്രാവാക്യങ്ങളുമായ് ഭരണകൂടങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തും..അവയ്ക്ക് പുതിയൊരു രാഷ്ട്രീയ മാനം ഉണ്ടാവുമെന്നും അവര്‍ കൂടുതല്‍ ഊര്ജസ്വലരായി ജീവിക്കുമെന്നും ഓരോ ശ്വാസവും ആസ്വദിക്കുകയും ലഹരി പങ്കുവെയ്ക്കുമ്പോള്‍ അത് സ്വാതന്ത്ര്യമാണ് എന്ന് പറഞ്ഞു കൊണ്ട് ഫ്രോയിടിനെ ഓര്‍ക്കുമെന്നും എനിക്ക് വിശ്വാസമുണ്ട്..

        സഖാവേ..ഒരു സുഹൃത്ത് പറഞ്ഞപോലെ ഞാനൊരു ചരിത്രജീവിയാണ്.. ചരിത്രം ആവര്തനങ്ങളുടെത് കൂടിയാണ് എന്ന് മാര്‍ക്സിനെ വായിച്ചു ആദ്യത്തെ കലാപത്തിനും പിന്നീടുള്ള പ്രഹസനങ്ങള്‍ക്കും സാക്ഷിയായികൊണ്ടിരിക്കുന്ന ചരിത്ര ജീവി !

അന്പതിരണ്ടു വെട്ടുകള്‍ ഏറ്റ പ്രിയ സഖാവിന്റെ ശരീരത്തിനു മുന്നില്‍ ചരിത്രം ഉറങ്ങുന്ന കോട്ടപ്പുറം മൈതാനിയിലെ മുദ്രാവാക്യങ്ങള്‍ക്ക് കാതോര്‍ത്തു നിസ്സഹായനായി നിന്നപ്പോള്‍ ചരിത്രം എന്റെ മുന്നില്‍ വീണ്ടും കലാപത്തിന്റെ സ്വരമായി..ഒരു നീതിമാന്റെ ശിരസ്സരുത്ത്തവര്‍ നശിക്കുന്നതിനു മുന്നേ ഗീബല്സിനെ അനുസ്മരിപ്പിക്കുന്ന കഥകള്‍ മെനഞ്ഞു തുടങ്ങിയപ്പോള്‍ വീണ്ടും അതെ  ചരിത്രം പ്രഹസനമായ് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു..

 എനിക്കറിയില്ല..എന്തുകൊണ്ട് എന്റെ ഈ എഴുത്ത് ഒന്നില്‍ നിന്നും മറ്റൊന്നിലേക്കു വഴുതിമാറുന്നു എന്ന്..ഇനി ഞാനും നീയും ഒരു ചരിത്രമുഹൂര്ത്തത്ത്തിന്റെ ഭാഗമാണ്..എന്റെ മുന്നില്‍ ചരിത്രം രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു..ഒന്ന് സഖാവ്  ടി.പി ചന്ദ്രശേഖരന് മുന്നേ എന്നും..മറ്റേതു സഖാവ് ടി.പി ക്ക് ശേഷം എന്നും..

    അതെ സഖാവേ..നമ്മള്‍ ഇപ്പോള്‍ ചരിത്രത്തോടൊപ്പം നടക്കുകയാണ്..ഞാനും..നീയും..നമ്മുടെ പ്രണയവും നമ്മെ നാമാക്കിയ നമ്മുടെ ചുറ്റുപാടുകളും..
കാലം ഒരുപക്ഷെ നിന്നെയും എന്നെയും അകട്ടിയെക്കാം.. നമ്മുടെ പ്രണയം ഒരു ഓര്മ മാത്രമേ മാറിയേക്കാം..പക്ഷെ നാം നമ്മെ മരന്നുകൊണ്ടും ഇനി സഞ്ചരിക്കെണ്ടിയിരിക്കുന്നു.. ഒരുപക്ഷെ ഒരുപാട് ദൂരം..നമ്മള്‍ കണ്ട സ്വപ്‌നങ്ങള്‍ യാതാര്ത്യമാവുന്ന കാലത്തോളം.. !

ഇത്ര മാത്രം..വാക്കുകള്‍ക്കു വിമ്മിട്ടം..ലാല്‍സലാം..

0 comments:

Post a Comment